Monday, May 26, 2008

പ്രണയം അഗ്നിയാണ് ...

ഇത് ഞാനും അവളും തമ്മില്‍ നടന്ന ഒരു സംഭാഷണം...


ഒഴുകി മറയുന്ന പുഴയരികില്‍ ഞാന്‍ നില്‍ക്കുന്നു..
മഞ്ഞിന്റെ കുട ചൂടി നീ വരുന്നതും കാത്ത്..
പൊടിഞ്ഞു വീഴുന്ന മഞ്ഞിന്‍ കണങ്ങള്‍ ,
നിന്റെ കണ്‍പീലികളില്‍ വീണുരുകുന്നതും,
അതു പിന്നെ ഒരു തുള്ളി കണ്ണുനീര്‍ പോലെ
കണ്ണില്‍ ഒരു മൂടുപടം തീര്‍ക്കുന്നതും,
എന്നും നിന്നെ അസ്വസ്ഥമാക്കിയിരുന്നല്ലോ...

പക്ഷെ , ഇവിടെ വീണു നിറയുന്ന ഈ മഞ്ഞിന്‍ കണങ്ങള്‍
എന്റെ ഹൃദയം പെയ്തതാണെന്ന് , എന്തേ നീ മനസ്സിലാക്കിയില്ലാ ?
ഈ കണങ്ങള്‍ക്ക് നിന്റെ കണ്ണുകളെ , നേര്‍ത്ത , വളരെ നേര്‍ത്തതായ തണുപ്പിന്റെ
ഹൃദയമിടിപ്പുകള്‍ പോലും തളരുന്ന,
ഒരാലിംഗനത്താല്‍ കീഴ്പ്പെടുത്താനല്ലേ കഴിയൂ ?

പിന്നെയൊരിക്കല്‍ നീയെന്നൊടു ചോദിച്ചു...
ഒരു കുടക്കീഴില്‍ നടന്നു പോകവേ...
“ നീ എന്നെ പ്രണയിക്കുന്നുവെങ്കില്‍ എന്റെ കൈപിടിക്കാത്തതെന്ത് ?”
“ ഒരു കുടക്കീഴില്‍ നടന്നു പോകവെ നിന്റെ കൈ പിടിക്കുന്നതാണോ പ്രണയം ?
അതോ... ഒരു പേനയും, ഒരു തുണ്ടു കടലാസും
പിന്നെ ഹൃദയത്തില്‍ നിന്നിറ്റിച്ച കുറെ വാക്കുകളുമായി,
നീ പോലുമറിയാതെ നിന്റെയരികില്‍ നടന്ന് ,
ആ മഴത്തുള്ളികള്‍ പോലും നിന്നെ വേദനിപ്പിക്കാതെ നോക്കുന്നതോ....? ”


പ്രണയത്തിനു നന്ദി.....

ഒരു ചുവടു വയ്പ്പ്...

കൂട്ടുകാരേ,

അങ്ങനെ ഒരുപാടു നാളത്തെ ആലോചനകള്‍ക്ക് അവസാനം ഞാ‍നും ബൂലൊഗത്തിലേക്കു കാലെടുത്തു വക്കുന്നു. ഒരു കുഞ്ഞു ബ്ലോഗ്. ഒരു പാടു കാര്യങ്ങള്‍ നമുക്കു പറയാനുണ്ട്.

ഇവിടെ ഈ ബ്ലോഗില്‍ നമുക്ക് എന്തിനേക്കുറിച്ചും ചര്‍ച്ച ചെയ്യാം. ഒരു പാടു സ്നേഹം പങ്കുവക്കാം .
എങ്കില്‍ നിങ്ങളുടെ അനുഗ്രഹത്തോടു കൂടെ ഞാന്‍ തുടങ്ങട്ടെ.....